തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണഘട്ടത്തിലുള്ള ജലവൈദ്യുത പദ്ധതികളുടെ നിരീക്ഷണത്തിന് സോഫ്റ്റ്വെയർ തയാറാക്കുന്നു. ജലവൈദ്യുത പദ്ധതികളുടെ നിർമാണങ്ങൾക്ക് വേഗതപോരെന്നും ഇവ കൃത്യമായി നീരിക്ഷിക്കപ്പെടുന്നില്ലെന്നുള്ള വിമർശനം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോർപറേറ്റ് തലത്തിലക്കം നിർമാണ പുരോഗതി അറിയാനാവുന്ന സോഫ്റ്റ്വെയർ സംവിധാനമൊരുക്കാൻ പ്രാഥമിക നടപടി തുടങ്ങിയത്. ചെങ്കുളം (40 മെഗാവാട്ട്), ചിന്നാർ (24 മെഗാവാട്ട്), അപ്പർ സെങ്കുളം (24 മെഗാവാട്ട്), സെങ്കുളം (85 മെഗാവാട്ട്), പഴശ്ശി സാഗർ (7.5 മെഗാവാട്ട്), ഓലിക്കൽ (5 മെഗാവാട്ട്), പൂവാറംതോട് (3 മെഗാവാട്ട് ) തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ പദ്ധതികളുടെ നിലവിലുള്ള നിരീക്ഷണ സംവിധാനത്തിൽ കൂടുതൽ പരിഷ്കരണവും നവീകരണവും ആവശ്യമാണെന്ന് വിലയിരുത്തിയാണ് സോഫ്റ്റ്വെയർ രൂപവൽകരണതിനുള്ള ഡയറക്ടർ ബോർഡ് തീരുമാനം. നിർദിഷ്ട സോഫ്റ്റ്വെയർ, നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പഠിക്കുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനും പ്രത്യേക കമ്മിറ്റിയും രൂപവൽകരിക്കും. പ്രോജക്ട് എക്സിക്യൂഷൻ വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ 13 ഉദ്യോഗസ്ഥരടങ്ങുന്നതാണ് കമ്മിറ്റി. കമ്മിറ്റിക്കുള്ള സാങ്കേതിക സഹായം ഐ.ടി വിഭാഗം നൽകും. കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സോഫ്റ്റ്വെയർ രൂപവൽകരണത്തിനായി താൽപര്യപത്രം ക്ഷണിക്കുക. ജലവൈദ്യുത പദ്ധതികളുടെ നിർമാണം വേഗത്തിലാക്കൽ അനിവാര്യമായതിനാൽ സോഫ്റ്റ്വെയർ തയാറാക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഉത്തരവാദിത്തവും പ്രത്യേക കമ്മിറ്റിക്കായിരിക്കും.



