ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും. പത്ത് മണിയോടെ ഡാം തുറക്കുമെന്ന് തമിഴ്‌നാട് ജലവകുപ്പ് അറിയിച്ചു. തുറക്കുന്നതിന് മുന്നോടിയായി ആദ്യ മുന്നറിയിപ്പ് നൽകി. നിലവിൽ 136 അടിയാണ് ഡാമിലെ ജലനിരപ്പ്. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. പകൽ സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന കേരളത്തിൻറെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.