കൽപ്പറ്റ: ബാണാസുര അണക്കെട്ടില്‍ പതിനഞ്ച് സെന്‍റീമീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് നല്‍കും. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാലാണ് ഷട്ടറുകൾ തുറക്കുക. 772.85 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം തന്നെ ജില്ലകലക്ടര്‍ അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു.
അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ബാണാസുര ഡാം തുറക്കുന്നപക്ഷം വെള്ളം കടന്നുപോകുന്ന കടമാന്‍ തോട് അടക്കമുള്ള ജലാശയങ്ങളുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.