ചെന്നൈ: മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കർ ഭൂമിയുടെ രേഖകൾ, 27 കിലോ സ്വർണം, വെള്ളി, വജ്രാഭരണങ്ങൾ തുടങ്ങിയവ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാൻ ബംഗളൂരു പ്രത്യേക കോടതി ഉത്തരവിട്ടു. ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഭാഗമായി പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ കൈമാറാനാണ് ബംഗളൂരു പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റെ ഉത്തരവ്. 1991-96 കാലഘട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ വരുമാനത്തിൽ കവിഞ്ഞ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. തുടർന്ന് ജയലളിതയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പ് സ്വർണം, വജ്രാഭരണങ്ങൾ, വെള്ളി വസ്തുക്കൾ, രത്നക്കല്ലുകൾ, വാച്ചുകൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു.കേസിന്റെ വിചാരണ നടന്നത് കർണാടകയിലായിരുന്നു.



