ശ്രീനഗർ: ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് സൈന്യം നടത്തിയ പരിശോധനയില്‍ വൻ ആയുധ ശേഖരം കണ്ടെത്തി.
ഓപ്പറേഷൻ ഗുഗല്‍ധാറിന്റെ ഭാഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. സേനയും കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. യുദ്ധസമാനമായ രീതിയിലുള്ള ആയുധ ശേഖരമാണ് കണ്ടെത്തിയതെന്നും മേഖലയില്‍ പരിശോധന പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
അതേസമയം 10 വർഷത്തിനിടെ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ അശാന്തി പരത്താൻ ഭീകരരുടെ ഭാഗത്ത് നിന്ന് നിരന്തരമായ ശ്രമങ്ങളുണ്ടായിരുന്നു. 90 അംഗ നിയമസഭയിലേയ്ക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 1ന് മൂന്നാം ഘട്ടവും പൂർത്തിയായതോടെ ഒക്ടോബർ 8ന് പുറത്തുവരുന്ന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മുന്നണികള്‍.