ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം. വ്യാഴാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലന തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവടങ്ങളില്‍ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ അറിയിച്ചു. ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ NERV വ്യക്തമാക്കി. ഭൂചലനത്തിൻ്റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.