കൊച്ചി: ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. 2012 ലെ നാട്ടാന പരിപാലനചട്ടം പൂർണമായി പാലിച്ചുകൊണ്ടാകും ആനകളെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ദേവസ്വം ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നായിരുന്നു ഹൈക്കോടതി മാർഗനിർദേശം. തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. 2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.



