ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ സിഎന്‍ജിയുടെയും ഗാര്‍ഹിക പിഎന്‍ജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡിന്റെ നികുതി പുനഃക്രമീകരണത്തെ തുടര്‍ന്നാണിത്. രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയനുസരിച്ച് ഉപഭോക്തക്കാള്‍ യൂണിറ്റ് മൂന്ന് രൂപവരെ കുറയും. സംസ്ഥാന നികുതികളുടെകൂടി അടിസ്ഥാനത്തിലാകും ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് ലഭ്യമാകുക.
2023ല്‍ ദൂരത്തെ അടിസ്ഥാനമാക്കിയാണ് നികുതികളെ മൂന്ന് സോണുകളായി തിരിച്ചത്- 200 കിലോമീറ്റര്‍ വരെ 42 രൂപ, 300-1,200 കിലോമീറ്റര്‍ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളില്‍ 107 രൂപ എന്നിങ്ങനെയായിരുന്നു നികുതി നിരക്ക്. നിലവിലെ മൂന്നു സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കി. പുതുക്കിയതനുസരിച്ച് ആദ്യത്തെ സോണ്‍ സിഎന്‍ജി, ഗാര്‍ഹിക പിഎന്‍ജി ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ബാധകമാകും. സോണ്‍ 1-നുള്ള പുതുക്കിയ ഏകീകൃതനിരക്ക് 54 രൂപയാണ്. ഇത് നേരത്തെയുള്ള 80 രൂപ, 107 രൂപ നിരക്കുകളില്‍നിന്ന് കുറവാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 40 നഗര വാതക വിതരണക്കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന 312 പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നികുതി ഘടന പ്രയോജനപ്പെടും. ഗതാഗതത്തിനായി സിഎന്‍ജി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും പാചകത്തിനായി പിഎന്‍ജി ഉപയോഗിക്കുന്ന വീടുകള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് പിഎന്‍ജിആര്‍ബി അംഗം എകെ തിവാരി വ്യക്തമാക്കി.



