ആലുവ: ബാലവേലക്കും, തെരുവുസർക്കസ്സിനും നിർബന്ധിത മോഷണത്തിനും പിടിച്ചുപറിക്കും നിയോഗിക്കപ്പെടുന്ന കുരുന്നുകളേയും, ലൈഗീക പീഡനങ്ങൾ മൂലം കഷ്ട്പ്പെടുന്ന തെരുവിന്റെ മക്കളെയും സംരക്ഷിക്കുന്നതിനുവേണ്ടി ജാതിമത രാഷ്ട്രീയ പിൻബലമില്ലാതെ സന്മനസ്സുള്ളവരുടെ കൂട്ടായ്മവിജയമാണ് ജനസേവ ശിശുഭവൻ. കഷ്ട്പ്പെടുന്നവർക്ക് വേണ്ടി സേവന തല്പരതയോടെ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന ജോസ്മാവേലിയുടെ നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനമാണ് ജനസേവ ശിശുഭവന് കരുത്തേകുന്നത്. സാമൂഹ്യ സേവന രംഗത്ത് ജോസ് മാവേലി ചെയ്യുന്ന നിസ്തുലമായ സേവനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം സോഷ്യൽ സർവീസ് വിങ്ങ് ആദരിച്ചു.
നെടുമ്പാശ്ശേരിയിലുള്ള രാജയോഗ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്രഹ്മകുമാരീസ് ഡയറക്ടർ രാജയോഗിനി ബ്രഹ്മകുമാരി രാധ ബാനർജി മെമെന്റോ നൽകി, പൊന്നാട അണിയിച്ച് ആദരിച്ചു. ജോസ് മാവേലിയുടെ നാല്പ്പത് വർഷം നീണ്ട സേവനപാതയിൽ മദർതെരേസ അവാർഡ്, ജർമ്മൻ കൾച്ചറൽ അസോസിയേഷന്റെ രശ്മി അവാർഡ്, കേരളാസ്റ്റേറ്റ് സ്കൂൾ പാരൻസ് ടീച്ചേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, സർവ്വോദയം കുര്യൻ അവാർഡ്, ഇന്ത്യൻ ഹോമിയോപതിക്ക് മെഡിക്കൽ അസോസിയേഷന്റെ 2009ലെ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ്, അമേരിക്കൻ മലയാളി സംഘടനയുടെ അമല അവാർഡ്, ബിഷപ്പ് ജോസഫ് കുണ്ടുകുളം അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ജനസേവക്ക് ചുക്കാൻ പിടിച്ചതുകൊണ്ട് ജോസ്മാവേലിയെ തേടിയെത്തിയിട്ടുണ്ട്.



