ജനങ്ങൾക്ക് സേവനം നൽകേണ്ടതും അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതുമായ പദ്ധതികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കാലടി പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും ആരോപിച്ചു. എൽ.എസ്.ജി.ഡി. വിഭാഗം എ. എക്സിയുടെ നടപടിയിൽ
പ്രതിഷേധിച്ച് കാലടി പഞ്ചായത്ത് പ്രസിഡൻ്റും ജനപ്രതിനിധികളും എൽ എസ്.ജി.ഡി. സബ് ഡിവിഷൻ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡൻ്റ് അമ്പിക ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, മെമ്പർമാരായ ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ സാങ്കേതിക അനുമതി നൽകിയ പദ്ധതികൾ പോലും ടെണ്ടർ ചെയ്യാൻ അനുവദിക്കാതെ കാലടി പഞ്ചായത്തിലെ 15 ഓളം പ്രവർത്തികൾ സാങ്കേതിക അനുമതിക്കായി സൈറ്റിൽ കാത്ത് കിടക്കുകയാണെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു. പഞ്ചായത്തിലെ 30-ാം നമ്പർ അങ്കണവാടി കെട്ടിട നിർമ്മാണത്തിനായി ഇ. ഇ. സാങ്കേതിക അനുമതി നൽകിയിട്ടും ടെണ്ടർ ലിസ്റ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിച്ചിട്ടും ഇത് കാലടി എ.ഇ.ക്ക് ഫോർവേർഡ് ചെയ്യാതെ മനപൂർവ്വ വൈകിക്കുന്നതായും ആരോപണം ഉണ്ട്.