ജനങ്ങളെ ആശങ്കയിലാഴ്ത്തി മ്യാന്‍മറില്‍ ഭൂചലനം. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളി രാവിലെ 10.02 ന് 127 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം ചിലിയിലെ കാലാമയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇതുവരെ, ഭൂചലനത്തില്‍ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സെന്റര്‍ നാഷണല്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അതേസമയം ചോരക്കൊതി മാറാതെ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടരുകയാണ് ഇസ്രയേല്‍. ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ധാരാളം കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഗാസയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. നുസറേയ്ത്ത്, സവൈദ, മഗസി, ദെയ്ര്‍ അല്‍ ബല എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. വ്യാഴം പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ തുടരുന്ന വ്യാപക ആക്രമണങ്ങളില്‍ ഗാസ പൊലീസ് മേധാവിയടക്കം 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ സിറ്റിയിലെ ലബാബിദി ജങ്‌ഷൻ, ഒയൂൺ ജങ്‌ഷൻ, തെക്കൻ നഗരം ഖാൻ യൂനിസ്, മധ്യഭാഗത്തെ നുസെയ്‌റത്തിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂൾ എന്നിവടങ്ങളിലാണ് റോക്കറ്റ്, ബോംബ് ആക്രമണങ്ങൾ നടത്തിയത്.ഇസ്രയേൽ സൈന്യംസ തന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ടെന്റ് ക്യാമ്പുകളിലേക്കും ആക്രമണം ഉണ്ടായി. വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവിടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഗാസ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലായടക്കം 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.