നിർബന്ധിത മതംമാറ്റകുറ്റവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം.
ഭീതിജനകമായ അന്തരീക്ഷമാണിതെന്നും
ഇതിലൂടെ സംഘപരിവാറിന്റെ ഇരട്ടമുഖമാണ് തെളിയുന്നതെന്നും പ്രഖ്യാപനം
ഛത്തീസ്ഗഡിലെ നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്നും ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് രാഹുൽ ഗാന്ധി ന്യൂനപക്ഷ പീഡനമാണിത്. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്.മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനമാണ വിഷയത്തില്‍ ഉയര്‍ന്നു വരുന്നത്. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ് നിലവില്‍.
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.*
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും, മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
“ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാർ. അവർ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കണ്ടത്.
ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയില്‍ പൊതുവിടങ്ങളില്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിർദേശം നല്‍കിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്
മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാറിന് കുഴലൂതുകയല്ല ഛത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്‌എസിൻ്റെയോ ഔദാര്യമല്ല.
ഛത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം,” വി.ഡി സതീശൻ പറഞ്ഞു
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ സാഹചര്യം മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പിക്കണമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരേന്ത്യയിൽ പീഡനവും, കേരളത്തിൽ പ്രീണനവും എന്നതാണ് നിലവിലെ സാഹചര്യമെന്ന് മലങ്കര ഓർത്തഡോക്സ് സഭ പറഞ്ഞു.
ഛത്തീസ്ഗഡിൽ മലയാളി കന്യസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഏറെ ആശങ്കയുളവാക്കുന്നതാണെന്നും വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ സ്വഭാവമുള്ള ചില മത സംഘടനകൾ പോലീസിന്റെ സാന്നിധ്യത്തിൽ നിയമം കൈയിലെടുത്ത് കന്യാസ്ത്രീകളുടെ നേരെ നടത്തിയത് കയ്യേറ്റ ശ്രമമാണ്.
നിയമവാഴ്ചയില്ലാത്ത ഒരു സാഹചര്യമാണോ ആ സംസ്ഥാനത്തുളളതെന്ന് പോലും ആശങ്കപ്പെടുന്നതായും
യാതൊരു മനസ്സാക്ഷയുമില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും, ഇന്നിത് തിരിച്ചറിയുവാൻ ശക്തിയുള്ളവരാണ് ഇന്ത്യയിലെ എല്ലാ ആളുകളും, പ്രത്യേകിച്ച് മലയാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടവും, പ്രക്ഷോഭവും ഉണ്ടാകുമെന്നും അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി.
*ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ഐ എസ് സഭ*
കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചതെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കെ. ചെറിയാൻ കോട്ടയത്ത് പറഞ്ഞു.
ഒരു സഭയും ആരെയും നിർബന്ധിച്ചു മതം മാറ്റുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിട്ടുള്ള നിയമങ്ങളിലൂടെ ആളുകളെ അനാവശ്യമായി തുറങ്കലിലടയ്ക്കുന്നതിനുള്ള ഒരു പരിശ്രമമാണ് നടക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവൺമെൻ്റ് ഉൾപ്പെടെ അക്കാര്യത്തിൽ ഇടപെടണം. ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന് ആകമാനമുള്ള ഭയാശങ്ക അകറ്റുവാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻ്റിനുണ്ടെന്നതിൽ സി എസ് ഐ സഭ ഉറച്ചു നിൽക്കുന്നു..
കേരളത്തിലെ വിവിധ സഭകളും, ബിഷപ്പുമാരും തമ്മിലുള്ള ചർച്ചയിൽ ഈ വിഷയം വന്നിട്ടുണ്ട്.
സംഭവത്തിൽ ശക്തമായി പ്രതികരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.