അവയവ മാറ്റ ശസ്ത്രക്രിയകൾ ഇന്ന് അപൂർവമല്ല. എന്നാൽ, ചൈനയിലെ ഈ സംഭവം അങ്ങനെയല്ല. അപൂർവങ്ങളിൽ അപൂർവമെന്നുതന്നെ വിശേഷിപ്പിക്കാം. 2022ലാണ് ആദ്യമായി പന്നിയിൽനിന്നുള്ള ഹൃദയം, വൃക്ക എന്നീ അയവങ്ങൾ മനുഷ്യരിൽ പരീക്ഷിച്ചത്. അമേരിക്കയിലും ചൈനയിലുമൊക്കെ നടന്ന ആ പരീക്ഷണങ്ങൾ ഒരു പരിധി വരെ വിജയമായിരുന്നുവെങ്കിലും, സ്വീകർത്താവിന്റെ ജീവൻ അധിക കാലം നിലനിർത്താനായിരുന്നില്ല. അതിഥിയായെത്തിയ അവയവത്തെ പുറംതള്ളാനുള്ള പ്രവണത ഇത്തരം ശസ്ത്രക്രിയകളിൽ കൂടുതലായതിനാലണ് അത്. അതിനാൽ, ഇത്തവണ ചൈനയിലെ ലിങ് വാങ്ങും സംഘവും മറ്റൊരു പരീക്ഷണം നടത്തി. പന്നിയുടെ കരൾ മനുഷ്യനിൽ വെച്ചുപിടിപ്പിക്കുന്ന പരീക്ഷണമായിരുന്നു. പുറംതള്ളൽ പ്രവണത ഒഴിവാക്കാൻ ആദ്യം ചില ജനിതക മാറ്റങ്ങൾ കരളിൽ നടത്തി. അതിനുശേഷമാണ് അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ചയാളിലായിരുന്നു പരീക്ഷണം. ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസം വരെ കരൾ ആ മനുഷ്യനിൽ പ്രവർത്തിച്ചുവത്രെ അഥവാ, പിത്തരസമൊക്കെ ഉൽപാദിപ്പിച്ചു. മറ്റു മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് അവയവമാറ്റം നടത്തുന്നതിലുള്ള ഒരു പ്രതിസന്ധിയാണ് ഇവിടെ ഭാഗികമായി പരിഹരിക്കപ്പെട്ടിരിക്കുന്നത്.