ബീജിങ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികൾക്ക് ചൈനയുടെ വക വമ്പൻ തിരിച്ചടി. സോയാബീൻ ഇറക്കുമതിക്ക് ഫുൾസ്റ്റോപ്പ് പറഞ്ഞുകൊണ്ടാണ് അമേരിക്കയും ട്രംപും സ്വപ്നം കാണാത്ത പ്രഹരം ചൈന നൽകിയിരിക്കുന്നത്. യു എസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പൂർണമായും നിർത്തിവച്ചു. താരിഫ് ഭീഷണി ട്രംപ് സജീവമാക്കിയ സെപ്തംബർ മാസത്തിന് ശേഷം യു എസിൽ നിന്ന് ഒരു ടൺ സോയാബീൻ പോലും ചൈന ഇറക്കുമതി ചെയ്തിട്ടില്ല. ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 നവംബറിന് ശേഷം ആദ്യമായാണ് യു എസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂജ്യത്തിൽ എത്തുന്നത്. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതും യു എസ് സോയാബീനിന് ഏർപ്പെടുത്തിയ ഉയർന്ന തീരുവകളുമാണ് ഇതിന് കാരണമെന്ന് ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വിവരിച്ചു.
അമേരിക്കൻ വിപണി ഒഴിവാക്കിയ ചൈന, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയാണ്. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ചൈനയിലേക്കുള്ള സോയാബീൻ ഇറക്കുമതി വലിയ തോതിൽ കുതിച്ചുയർന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ ചൈനയുടെ മൊത്തം സോയാബീൻ ഇറക്കുമതിയുടെ 85.2% ബ്രസീലിൽ നിന്നും 9% അർജന്‍റീനയിൽ നിന്നുമാണെന്ന് കാണാം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 17 ലക്ഷം മെട്രിക് ടൺ മാത്രമാണ് ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കിൽ, ഈ വർഷം ബ്രസീലിൽ നിന്ന് 1.096 കോടി ടൺ സോയാബീൻ ഇറക്കുമതി ചെയ്തിട്ടുണ്ട്. 29.9% വർധനവാണ് ബ്രസീലിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയിൽ സംഭവിച്ച മാറ്റം. അർജൻ്റീനയുടെ കാര്യത്തിലാകട്ടെ ഇറക്കുമതി 91.5% വർധിച്ചു. അർജന്‍റീനയിൽ നിന്നുള്ള ഇറക്കുമതി 11.7 ലക്ഷം ടണ്ണായി ഉയർന്നെന്നാണ് കണക്ക്.
ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരായ ചൈന, യു എസിന് പകരം ബ്രസീലിലും അർജൻ്റീനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അമേരിക്കൻ കർഷകർക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. നവംബർ വരെയുള്ള സോയാബീൻ ഇറക്കുമതി ബ്രസീലിൽ നിന്നും അർജൻ്റീനയിൽ നിന്നും ചൈന ഉറപ്പിച്ചിട്ടുണ്ട്. വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ചൈന തുടരും. ഇത് അമേരിക്കൻ കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. നിലവിലെ സാഹചര്യം തുടർന്നാൽ യു എസ് സോയാബീൻ വിപണി കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും ചൈനക്കെതിരെ വലിയ താരിഫ് ഭീഷണികൾ ട്രംപ് തുടരുന്ന സാഹചര്യം അമേരിക്കക്ക് ഇക്കാര്യത്തിൽ തിരിച്ചടിയാകും



