ആലപ്പുഴ: സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം നേടാൻ അവസരമൊരുക്കി, ‘പ്രയുക്തി 2025’ എന്ന പേരിൽ മെഗാ തൊഴിൽമേള ചേർത്തലയിൽ നടക്കും. ജൂലൈ 19-ന് ചേർത്തല എസ്.എൻ. കോളേജിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻ്റർ, ചേർത്തല എസ്.എൻ. കോളേജ്, നാഷണൽ കരിയർ സർവ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള. പ്രവേശനം സൗജന്യമാണ്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനീയറിങ്, പാരാ മെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതകളുള്ള 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകർപ്പുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0477 2230624, 8304057735 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.