മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവത്തിന്‍റെ ഭാഗമായുള്ള `പൂരം ഇടി’ എന്ന പ്രസിദ്ധവും ആചാരപരവുമായുള്ള ഭക്തിനിര്‍ഭരമായ ചടങ്ങ് നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്നു.
നട്ടുച്ച സമയത്ത് ശ്രീകോവിലിനു വെളിയില്‍ കളമൊരുക്കി നടത്തുന്ന `പൂരം ഇടി’ ദര്‍ശിച്ചു പ്രസാദം ഏറ്റുവാങ്ങാന്‍ പുരുഷന്മാര്‍ക്കു മാത്രമാണ് അവസരം. ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അലങ്കരിച്ച കല്ലുരലില്‍ അരിപ്പൊടി, മഞ്ഞള്‍പൊടി, പാല്, കമുകിന്‍ പൂക്കുല തുടങ്ങിയവ സമര്‍പ്പിച്ച് ഇളനീര്‍ ഒഴിച്ച് പുതിയ പാലക്കമ്പില്‍ ചെത്തിയുണ്ടാക്കിയ ഉലക്ക കൊണ്ട് ഇടിച്ച് ഇളക്കി പൂജകള്‍ക്കുശേഷം കുരുത്തോല, അരിപ്പൊടി എന്നിവയില്‍ തയ്യാറാക്കി ഈര്‍ക്കിലി പന്തങ്ങള്‍ കുത്തിയ ഗുരുതി കളത്തിലേയ്ക്ക് മറിക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ട വനദുര്‍ഗ്ഗയാണ്. ഭഗവതിയുടെ ഇഷ്ട വഴിപാടായ `കലം കരിക്കല്‍ നേരത്തെ നടന്നു. അരിയും ശര്‍ക്കരയും പുതിയ മണ്‍കലവുമായി വന്ന്, അതില്‍ ശര്‍ക്കര പായസവും വെള്ള ചോറും തയ്യാറാക്കി നിവേദ്യമായി സമര്‍പ്പിക്കുന്ന ഈ പ്രത്യേക വഴിപാടിനായി വിദൂരങ്ങളില്‍ നിന്നും ധാരാളം ഭക്തര്‍ എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി കലാമണ്ഡലം ബിലഹരി .എസ് മാരാരുടെ സോപാനസംഗീതവും നാരായണീയവും അന്നദാന വഴിപാടും നടന്നു.മീനപൂര ദിവസം ഉച്ചക്ക് നട അടച്ചാല്‍ പിന്നീട് മറ്റു ചടങ്ങുകളോ ദീപാരാധനയോ പതിവില്ല. കലശം,താലപ്പൊലി, ഗരുഡന്‍, കെെകൊട്ടിക്കളി, ഗാനമേള തുടങ്ങിയവയോടെ വെള്ളിയാഴ്ച ഉത്സവം സമാപിക്കും.