ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം. 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 2 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജേക്കബ് ബെഥലും വിരാട് കോഹ്‌ലിയും ആര്‍സിബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സറും സഹിതം 62 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. 33 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതം ബെഥല്‍ 55 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന ഒന്നാം വിക്കറ്റില്‍ 97 റണ്‍സാണ് പിറന്നത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ റൊമാരിയോ ഷെപ്പോര്‍ഡ് ആര്‍സിബിയെ മികച്ച സ്‌കോറിലെത്തിച്ചു. 14 പന്തുകള്‍ മാത്രം നേരിട്ട ഷെപ്പേര്‍ഡ് പുറത്താകാതെ 53 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓപണര്‍ ആയൂഷ് മാത്രെയുടെ വെടിക്കെട്ടാണ് ചെന്നൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 48 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സറും സഹിതം 94 റണ്‍സെടുത്താണ് ആയൂഷ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 45 പന്തില്‍ പുറത്താകാതെ 77 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 114 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആയൂഷ് മാത്രെ പുറത്തായതിന് പിന്നാലെ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് വിജയം പിടിച്ചെടുത്തു.