ചെന്നൈ: ചെന്നയിനെതിരെ അവരുടെ തട്ടകത്തിലാണ് നിർണായകമായ ഐ.എസ്.എൽ മത്സരം. തുടർച്ചയായ ആറു കളികളിൽ അകന്നുനിന്ന ജയം സ്വന്തം തട്ടകത്തിൽ പിടിച്ച് പോയന്റ് പട്ടികയിൽ ആദ്യ ആറിലേക്ക് ആദ്യ ചുവട് കുറിക്കലാണ് ആതിഥേയരുടെ ലക്ഷ്യമെങ്കിൽ സീസണിൽ ഇതേ ടീമിനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. 18 കളികളിൽ അതേ പോയന്റുമായി 10ാമതാണ് ചെന്നയിനെങ്കിൽ അത്രയും മത്സരങ്ങളിൽ 21 പോയന്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു ജയങ്ങളും ആറ് സമനിലകളുമാണ് സീസണിൽ ചെന്നയിന്റെ മികച്ച റെക്കോഡെങ്കിൽ ആറു ജയവും മൂന്ന് സമനിലയുമാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 3-0നാണ് ചെന്നൈ ടീമിനെ കേരളം തകർത്തുവിട്ടത്.
എന്നാൽ, സ്വന്തം തട്ടകത്തിൽ ഒരിക്കൽപോലും ബ്ലാസ്റ്റേഴ്സിനെതിരെ തോറ്റില്ലെന്നത് ആതിഥേയർക്ക് പ്രതീക്ഷയാകും. കഴിഞ്ഞ അഞ്ചു കളികളിലെ പ്രകടനം പരിഗണിച്ചാൽ ചെന്നയിൻ മൂന്നെണ്ണം സമനിലയിലാകുകയും രണ്ടിൽ തോൽക്കുകയും ചെയ്തതാണ്. കേരളം പക്ഷേ, രണ്ട് കളികൾ ജയിക്കുകയും അത്രയും തോൽവി വാങ്ങുകയും ചെയ്തു. ആറു കളികൾ ബാക്കിനിൽക്കെ ജയം മാത്രം നേടാനായാലേ ഇരുടീമുകൾക്കും പ്രതീക്ഷക്ക് വകയുള്ളൂ. സമനിലപോലും അതിവേഗം ആദ്യ ആറിൽനിന്ന് പുറത്തേക്ക് വഴി തുറക്കും. സ്വന്തം മൈതാനത്ത് ജയത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്ന് ചെന്നയിൻ കോച്ച് ഓവൻ കോയിൽ പറയുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലെ വീഴ്ച മറികടന്ന് ഒറ്റക്കെട്ടായി ടീം ഗെയിമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുകയെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇടക്കാല പരിശീലകൻ ടി.ജി പുരുഷോത്തമൻ പ്രതീക്ഷ പങ്കുവെക്കുന്നു.