എറണാകുളം: മലയാളം ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം വേണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായി പ്രേംകുമാർ. ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്ന് പറഞ്ഞ പ്രേംകുമാർ സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും വ്യകമതമാക്കി. സിനിമയെ പോലെ സീരിയലും വെബ്സീരീസും ഒരു വലിയ ജനസമൂഹത്തെ കൈകാര്യം ചെയ്യുന്നു. അവിടെ പാളിച്ചകളുണ്ടായാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുന്നില്ല. അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്രം ഒരു കലാകാരന് വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് നടക്കുന്നു. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അത്തരം നിയന്ത്രണങ്ങളില്ല. അതിന് ചില പ്രായോഗിക പ്രശ്നങ്ങളുമുണ്ട്. പല സീരിയലുകളും ഷൂട്ട് ചെയ്ത അതേ ദിവസം തന്നെ സംപ്രേക്ഷണം ചെയ്യുന്നുവെന്നാണ് സീരിയില്‍ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. അതിനിടെ സെന്‍സറിങ് നടത്താന്‍ സമയമുണ്ടാകില്ല.
കുടുംബ സദസ്സുകളിലേക്ക് നേരിട്ട് എത്തുന്ന കലയാണ് ടെലിവിഷന്‍ സീരിയലുകള്‍. ഇത് കണ്ട് വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങള്‍ എന്നൊക്കെ കരുതും. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർ ഇതേക്കുറിച്ച് കൂടി ആലോചിക്കാന്‍ ഉത്തരവാദിത്തമുള്ളവരാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.