പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. നാലുപേര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. ഫയർഫോഴ്സ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.
ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്ക്കെത്തിച്ചത്. പുഴയിലെ കനത്ത കുത്തൊഴുക്കിനിടെയായിരുന്നു അഗ്നിരക്ഷാ സേനയുടെ സാഹസിക രക്ഷാപ്രവർത്തനം. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.



