അങ്കമാലി: ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി – ബസാർ റോഡ് ലെവൽ ക്രോസ്സ് നം. 56 നെ തുടര്‍ന്ന് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് മാറ്റം വേണമെന്ന പ്രദേശവാസികളുടെ നീണ്ടക്കാലത്തെ ആവശ്യത്തിന് ശാശ്വത പരിഹാരമാകുന്നു. ചിറങ്ങര നിവാസികളുടെ ദീർഘകാല വികസന സ്വപ്നമായ ചിറങ്ങര റെയില്‍വേ മേല്‍പ്പാലം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. നാളെ രാവിലെ 9.30 ന് തുറന്ന് കൊടുക്കുന്നു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ) ആണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കേരള സർക്കാരിന്റെ ‘ലെവൽ ക്രോസ്സ് ഇല്ലാത്ത കേരളം’ പദ്ധതിയിൽ ആർ.ബി.ഡി.സി.കെ പൂർത്തിയാക്കുന്ന ആറാമത്തെ മേൽപ്പാലമാണ് ചിറങ്ങര റെയില്‍വേ മേല്‍പ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോംപോസിറ്റ് സാങ്കേതിക വിദ്യയിൽ കണ്ടിന്യൂയസ് സ്പാൻ സ്ട്രക്ചർ മാതൃകയിലാണ് പാലം നിർമിച്ചിട്ടുള്ളത്.
ഏകദേശം 17 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ് (റെയിൽവേ ഭാഗത്തിന്റെ നിർമാണ ചെലവ് ഒഴികെ). 298 മീറ്റർ നീളത്തിലും 2-ലെയിൻ റോഡും ഫുട്ട്പാത്തും ഉൾപ്പെടെ 10.15 മീറ്റർ വീതിയിലുമാണ് മേൽപാലം നിർമിച്ചിട്ടുള്ളത്. പാലത്തിന്റെ അപ്രോച്ച് ഭാഗത്ത് 25.5 മീറ്റർ നീളമുള്ള 3 സ്‌പാനുകൾ, 17.95 മീറ്റർ നീളമുള്ള രണ്ട് സ്‌പാനുകൾ, 17.2 മീറ്റർ നീളമുള്ള രണ്ട് സ്‌പാനുകൾ, രണ്ട് എംബാങ്കുമെന്റുകൾ, റോഡിന് ഇരുവശത്തും ഓട/ ഫുട്ട്പാത്തോടു കൂടിയ സർവീസ് റോഡ് എന്നിവയുടെയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 33.4 മീറ്റർ നീളമുള്ള റെയിൽവേ സ്‌പാനിന്റെ ഫൗണ്ടേഷൻ, സബ് സ്ട്രക്ചർ (പിയർ, പിയർക്യാപ്) എന്നിവയും ആർ.ബി.ഡി.സി.കെയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഗർഡർ, സ്‌ലാബ് എന്നിവ റെയിൽവേ നേരിട്ടാണ് നിർമിച്ചിട്ടുള്ളത്. സെൻട്രലൈസ്ഡ് സോളാർ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള ലൈറ്റിങ് ആണ് പാലത്തിന് നൽകിയിട്ടുള്ളത്. പാലത്തിന്റെ അടിയിലുള്ള ഭാഗവും ഉപയോഗക്ഷമമാക്കിയിട്ടുണ്ട്.
2016 ലാണ് ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന് സർക്കാർ അനുമതി നൽകുന്നത്. 2017 ൽ 19.96 കോടി രൂപ കിഫ്‌ബി അനുവദിച്ചു. തുടർന്ന് 23 ഭൂവുടമകളിൽ നിന്നും 1.78 കോടി രൂപക്ക് 9.07 ആർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്ത്, 11.08.2021-ലാണ് മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ചടങ്ങിന്റെ അധ്യക്ഷത വഹിക്കും. ചാലക്കുടി എം.പി ബെന്നി ബെഹനാൻ വിശിഷ്ടാതിഥിയാകും. ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്, ചാലക്കുടി മുൻ എം.എൽ.എ. ബി.ഡി. ദേവസ്സി എന്നിവരോടൊപ്പം മറ്റു ജനപ്രതിനിധികളും പ്രമുഖരും ആർ.ബി.ഡി.സി.കെ – ഇന്ത്യൻ റെയിൽവേ – കിഫ്‌ബി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.



