കോട്ടയം: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. വയനാട്ടിലെ വൻ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല.
പുതുവർഷപ്പിറവി ആയതിനാൽ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കർക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
ചിങ്ങ മാസത്തിലെ തിരുവോണനാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്‌ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായംആരംഭിക്കൽ എന്നിവ കൂടുതൽനടക്കുന്നത്. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാൾ. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം.