തിരുവനന്തപുരം: സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻക്യുഎഎസ് അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആശുപ്രതികളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം
സ്കോറും, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്കോറും, വയനാട് ജില്ലയിലെ മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്കോറും കൈവരിച്ചാണ് എൻഎഎസ് നേടിയെടുത്തത്. ഇതോടെ 5 ജില്ലാ ആശുപ്രതികൾ, 4 താലൂക്ക് ആശുപ്രതികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 135 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻഎഎസ് അംഗീകാരം നേടി. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷൻ അടിസ്ഥാനത്തിൽ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപ്രതികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.