Thursday, August 7, 2025
No menu items!
Homeവാർത്തകൾഗുണനിലവാരമില്ലാത്ത പെയിന്റ് നൽകി കബളിപ്പിച്ചു; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകി കബളിപ്പിച്ചു; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകി കബളിപ്പിച്ചു എന്ന പരാതിയിൽ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ. ഗുണനിലവാരമില്ലാത്ത പെയിന്റ് ഉപയോഗിച്ചത് മൂലം മതിലിലെ പെയിന്റ് പൊളിഞ്ഞു പോവുകയും ചെയ്തു എന്നായിരുന്നു പരാതി. പെയിന്റിന് ചെലവായ 78,860 രൂപയും അതുമാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06,979 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 20,000 രൂപ കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന് കമ്പനിക്കും ഡീലർക്കും എറണാകുളം ജില്ല തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം കോതമംഗലം സ്വദേശി ടി.എം മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കോതമംഗലത്തെ വിബ്ജോർ പെയിന്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബർജർ പെയിന്റ് പരാതിക്കാരൻ വാങ്ങിയത്. ഒരു വർഷമാണ് വാറണ്ടി പിരീഡ് നൽകിയത്. അതിനുള്ളിൽ തന്നെ പ്രതലത്തിൽ നിന്നും പെയിന്റ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടർന്ന് നിർമ്മാണ കമ്പനിയുടെ പ്രതിനിധി വന്ന് പരിശോധിക്കുകയും എന്നാൽ യാതൊരു വിധ തുടർനടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു. പെയിന്റ് വിലയും റിപ്പയറിങ് ചാർജും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഭിത്തിയിൽ ഈർപ്പമുള്ളത് മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസം ഉണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നും ഉൽപ്പന്നത്തിന്റെ ന്യൂനതയല്ല അതിനാൽ വാറണ്ടിയുടെ പരിധിയിൽ വരുന്നതല്ല എന്നുമാണ് എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചത്. പെയിന്റ് വിറ്റത് തങ്ങൾ ആണെങ്കിലും അതിന്റെ നിലവാരത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും നിർമ്മാതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ഡീലർ ബോധിപ്പിച്ചു. ഗുണനിലവാരമില്ലാത്ത എമൽഷൻ ഉപയോഗിച്ചതു മൂലമാണ് പെയിന്റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ റിപ്പോർട്ട് നൽകി.

പെയിന്റ് ചെയ്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അത് പൊളിഞ്ഞു പോയി. എന്നാൽ, പരാതിപ്പെട്ടപ്പോൾ ഫലപ്രദമായി അത് പരിഹരിക്കാൻ എതിർകക്ഷികൾ തയ്യാറായിരുന്നില്ല. നിർമ്മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുമ്പോൾ ഇത്തരം അധാർമികമായ വ്യാപാര രീതി അനുവദിക്കാനാവില്ല എന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. പെയിന്റ് വാങ്ങിയ ഇനത്തിൽ ചെലവായ 78,860 രൂപ, റീപെയിന്റ് ചെയ്യുന്നതിനു വേണ്ടി ചെലവാകുന്ന 2,06,979 രൂപ, 50,000 രൂപ നഷ്ടപരിഹാരം 20,000 രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments