മസ്കറ്റ്: ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ കരട് അംഗീകരിച്ച് ഹമാസ്. തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് സമ്മതിച്ചു. കരാർ അന്തിമ ഘട്ടത്തിലാണെന്നാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേറ്റഡ് പ്രസാണ് (എപി) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെടിനിർത്തൽ കരാറിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട ഇസ്രയേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലി കാബിനറ്റ് അംഗീകരിച്ചാൽ മാത്രമേ വെടിനിർത്തൽ കരാറിന് അന്തിമ ധാരണയാകു എന്നാണ് ഈ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നത്.
തന്ത്രപ്രധാനമായ ചർച്ചകളുടെ വിശദാംശങ്ങളിലേക്കു കടക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വിസമ്മതിച്ചു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് അദ്ദേഹം പ്രതിവാര മാധ്യമ ബ്രീഫിംഗിൽ വ്യക്തമാക്കി. അതേസമയം, ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. 100ലേറെ പേർ ബന്ദികളായി ഇപ്പോഴും ഗാസയിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ മൂന്നിലൊന്നോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് കരട് വെടിനിർത്തൽ കരാർ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആറാഴ്ച കാലയളവിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, മുറിവേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ ഗാസയിൽ നിന്നും മോചിപ്പിക്കും. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികളെയും പകരമായി വിട്ടയയ്ക്കും.
ആദ്യഘട്ടത്തിലെ 42 ദിവസത്തിനിടെ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലി സേന പിൻവാങ്ങും. പലസ്തീനികളെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും. ഇതോടൊപ്പം മാനുഷികസഹായത്തിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓരോ ദിവസവും സഹായസാമഗ്രികളുമായി 600 ട്രക്കുകൾ ഗാസയിലേയ്ക്ക് പ്രവേശിക്കുമെന്നുതുമാണ് ആദ്യഘട്ടത്തിലെ ധാരണകൾ. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിനായി സമ്മർദ്ദം ചെലുത്തുമെന്നും മൂന്ന് മധ്യസ്ഥർ ഹമാസിന് വാക്കാലുള്ള ഉറപ്പ് നൽകിയതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നു. കരാർ പ്രകാരം ഗാസയുടെ ഈജിപ്‌ഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ആദ്യ ഘട്ടത്തിൽ ഇസ്രയേലിനായിരിക്കും. ഇവിടെ നിന്നും ഇസ്രയേൽ പിന്മാറണമെന്ന് ഹമാസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മധ്യ ഗാസയ്ക്ക് കുറുകെയുള്ള നെത്സാരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങും.



