ജറുസലം: നാളെ ആരംഭിക്കുന്ന പോളിയോ വാക്സിനേഷനായി 12 ലക്ഷം ഡോസ് ലോകാരോഗ്യ സംഘടന ഗാസയിലെത്തിച്ചു. 4 ലക്ഷം ഡോസ് കൂടി എത്തിക്കും. 6.40 ലക്ഷം കുട്ടികൾക്കു വാക്സീൻ നൽകുകയാണു ലക്ഷ്യം. ഇതിനായി 3 ദിവസം വീതം ഗാസയിലെ 3 മേഖലകളിൽ പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, തുൽകരിം നഗരങ്ങളിൽ ഇസ്രയേൽ ആക്രമണം നാലാം ദിവസത്തിലേക്കു കടന്നു. ഹമാസിന്റെ ജെനിൻ മേഖലാ മേധാവി വസീം ഹസീമിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
സൈനിക ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും പിന്തുണയോടെയാണ് ആക്രമണം. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 40,602 പലസ്തീൻകാർ കൊല്ലപ്പെട്ടു. 93,855 പേർക്കു പരുക്കേറ്റു.