മാഡ്രിഡ്: ഗാസയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്ക് (ജിഎസ്എഫ്) സുരക്ഷയൊരുക്കാൻ നാവിക സേനയുടെ കപ്പലുകളയച്ച് സ്പെയിനും ഇറ്റലിയും. സഹായ ബോട്ടുകൾക്കു നേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണിത്. മെഡിറ്ററേനിയൻ കടലിൽ ഇറ്റലി രണ്ടാം തവണയാണ് കപ്പലാണ് അയക്കുന്നത്. നേരത്തെ ഗ്രീസും സുരക്ഷയ്ക്കായി യുദ്ധക്കപ്പൽ അയച്ചിരുന്നു.
“ഞങ്ങൾ ഒരു കപ്പൽ അയച്ചിട്ടുണ്ട്, മറ്റൊന്ന് യാത്രയിലാണ്, ഏത് സാഹചര്യവും നേരിടാൻ തയ്യാറായി”- എന്നാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പാർലമെന്റിൽ പറഞ്ഞത്. ഇറ്റലിയുമായി ചേർന്ന് ഫ്ലോട്ടിലയ്ക്ക് സുരക്ഷ ഒരുക്കും എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചത്. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫ്ലോട്ടിലയിലുള്ളത്. ഇവർക്ക് മെഡിറ്ററേനിയൻ കടലിലൂടെ അപകടമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും പെഡ്രോ സാഞ്ചെസ് പ്രതികരിച്ചു. 51 ചെറുകപ്പലുകളിലായാണ് ഗാസയിലേക്ക് സഹായം എത്തിക്കുന്നത്



