ടെൽഅവീവ്: ഗാസയിലെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വ്യാപക പ്രതിഷേധം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെയാണ് നൂറുകണക്കിന് ഇസ്രയേലികൾ തെരുവിലിറങ്ങിയത്. തീയിട്ടും ഡ്രം മുഴക്കിയുമാണ് പ്രതിഷേധക്കാർ തെരുവിൽ പ്രതിഷേധിച്ചത്. ബന്ദികളെ മടക്കി കൊണ്ടുവരാൻ നടപടി എടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ പുറത്താക്കാൻ ശ്രമിക്കുമെന്ന നെതന്യാഹുവിൻ്റെ പ്രഖ്യാപനവും പ്രതിഷേധത്തിന് കാരണമായതായാണ് റിപ്പോർട്ട്. ഷിൻ ബെറ്റ് മേധാവി റോണൻ ബാറിനെ പുറത്താക്കാൻ പദ്ധതിയിട്ടതിൻ്റെ പേരിൽ നെതന്യാഹുവിനെതിരെ പ്രകടനക്കാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ദേശീയ സുരക്ഷയെക്കാൾ രാഷ്ട്രീയ നിലനിൽപ്പിന് നെതന്യാഹു മുൻഗണന നൽകുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.