കുറവിലങ്ങാട്: ബാപ്പുജിയുടെ ഓർമ്മകൾ പങ്കുവെച്ചും ആവേശം സമ്മാനിച്ചും മഹാത്മജിയുടെ പൗത്രൻ തുഷാർ ഗാന്ധി. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയിൽ തുഷാർ ഗാന്ധി പുഷ്പാർചന നടത്തി. സ്കൂളുകളിലെ വിദ്യാർത്ഥികളും പൗരാവലിയും ചേർന്ന് തുഷാർ ഗാന്ധിയെ സ്വീകരിച്ചു. കുറവിലങ്ങാട് ഗാന്ധിജി വിചാർവേദിയുടെ ഉദ്ഘാടനവും തുഷാർ ഗാന്ധി നിർവഹിച്ചു.
തുഷാർ ഗാന്ധി വിദ്യാർത്ഥികളടക്കമുള്ളവർക്ക് പുത്തൻ ആവേശം സമ്മാനിച്ചാണ് മടങ്ങിയത്. യുവജനങ്ങളും വിദ്യാർത്ഥികളും ഗാന്ധിയൻ ആദർശങ്ങളിൽ കൂടുതൽ ആകൃഷ്ടരാകണമെന്നു തുഷാർ ഗാന്ധി ആഹ്വാനം ചെയ്തു. യുവതലമുറയ്ക്ക് ഗാന്ധിയൻ മൂല്യങ്ങളിൽ ഉറച്ചു നില്ക്കണം. സത്യം, സമത്വം, നീതി എന്നീ ഗാന്ധിയൻ മൂല്യങ്ങളിൽ ഉറച്ചു നിന്ന് പോരാടുന്ന യുവതലമുറയ്ക്ക് കരുത്തുറ്റ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാവുമെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങൾ വിസ്മരിച്ചു ഏകാധിപത്യശൈലി സ്വീകരിക്കുന്നവരിൽ നിന്ന് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുവാൻ ഇതൊന്നു മാത്രമാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്ത് അoഗം നിർമ്മല ജിമ്മി, ജനറൽ കൺവീനർ ഡോ.ജോസ് മാത്യു, ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ഡോ. അശോക് എ.ആർ, പി.എസ് പ്രസന്നൻ , മുരളി വേങ്ങരത്ത് എന്നിവർ പ്രസംഗിച്ചു.



