കൊയ്റോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നൽകി ഹമാസും ഇസ്രായേലും. ഈജിപ്തിലെ കെയ്റോവിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്. ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു. ഹമാസ് തടവിലുള്ള ബന്ദികളെല്ലാം ഉടൻ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂർണമായൊരു വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.



