ദില്ലി: ഈ മാസം 13 ന് ആരംഭിക്കുന്ന ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ പ്രതീക് വൈകാറും വനിതാ ടീമിനെ പ്രിയങ്ക ഇംഗിളും നയിക്കും. 13 മുതൽ 19 വരെ ദില്ലി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്. ഉദ്ഘാടന ദിവസം ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെതിരെയും വനിതാ ടീം 14 ന് ദക്ഷിണ കൊറിയയെയും നേരിടും. സുമിത് ഭാട്ടിയയെ വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായും അശ്വനി കുമാറിനെ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആദ്യ ലോകകപ്പാണ്, വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്ക ഇംഗിൾ പിടിഐയോട് പറഞ്ഞു. വരും വർഷങ്ങളിൽ ഖോ ഖോ ഈ രാജ്യത്ത് വളരും, ജൂനിയർ താരങ്ങള്‍ കഠിന പരിശീനം തുടരണമെന്നും ഏഷ്യൻ ഗെയിംസിലോ കോമൺവെൽത്ത് ഗെയിംസിലോ ഒരുപക്ഷെ ഒളിംപിക്സിൽ പോലും മത്സരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചേക്കാമെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ 24 വർഷമായി ഖോ ഖോ കളിക്കുന്നുവെങ്കിലും ദേശീയ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്ത പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടിപ്പോയെന്ന് പുരുഷ ടീം നായകന്‍ പ്രതീക് വൈകാർ പ്രതികരിച്ചു. ഒടുവിൽ കഠിനാധ്വാനത്തിന് ഫലമുണ്ടായതിൽ കുടുംബത്തിലും സന്തോഷമുണ്ടെന്നും പ്രതീക് പറഞ്ഞു.