ചണ്ഡീഗഡ്: കർഷക സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ മാർച്ച് തുടങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മാർച്ച്. ചണ്ഡീഗഡിലെത്തി അനിശ്ചിതകാല സമരം നടത്താനാണ് കർഷകരുടെ തീരുമാനം. എന്നാൽ ചണ്ഡീഗഡിലേക്ക് പ്രവേശിക്കും മുൻപേ പല നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കർഷക സംഘടനകൾ അറിയിച്ചു. പലയിടത്തും വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കടം എഴുതിത്തള്ളുക, ഭൂമിയില്ലാത്ത കർഷകർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്. കർഷക നേതാക്കളുമായി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അതിനിടെ ഹരിയാന അതിർത്തിയിൽ മുതിർന്ന കർഷക നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നൂറ് ദിവസം പിന്നിട്ടിട്ടുണ്ട്. ധല്ലേവാളിന് പിന്തുണയർപ്പിച്ച് കർഷകർ രാജ്യവ്യാപകമായി നിരാഹാരമിരിക്കുകയും ചെയ്തു.