കേരളത്തിന് പിന്നാലെ എഐ കാമറകണ്ണുകൾ കൊണ്ട് റോഡിൽ സുരക്ഷയൊരുക്കാൻ ഒരുങ്ങി കർണാടകയും. സംസ്ഥാനത്തെ ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താനാണ് കർണാടക എഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. അപകടങ്ങൾക്കൊപ്പം നിയമ ലംഘനവും ഇരട്ടിയായിട്ടുണ്ട് എന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ വർഷം 120 മുതൽ 160 കോടി രൂപവരെയാണ് ഗതാഗത നിയമലംഘനങ്ങളിലൂടെ കർണാടക സർക്കാരിന്റെ ഖജനാവിൽ എത്തിയത്. ബംഗളൂരു റൂറൽ, കോലാർ, രാമനഗര, തുമകൂരു തുടങ്ങി ബംഗളൂരുവിലും സമീപപ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ കാമറകൾ സ്ഥാപിക്കുക. ബംഗളൂരു റൂറലിൽ ദേവനഹള്ളി-ചിക്കബല്ലാപുര റോഡ്, നെലമംഗല, ദൊബ്ബസ്പേട്ട്, ഹൊസക്കോട്ടെ, ഹൊസക്കോട്ടെ-ഗൗരിബിദനൂർ റോഡ്, എച്ച് ക്രോസ്, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിലാണ് എ.ഐ കാമറകൾ സ്ഥാപിക്കുക. മൈസൂരുവിൽ മൈസൂരു-ഊട്ടി റോഡ്, കഡകോല, ടി നരസിപുര, മൈസൂരു-എച്ച്.ഡി കോട്ട റോഡ്, മൈസൂരു-ഹുൻസൂർ റോഡ് എന്നിവിടങ്ങളിലും കാമറ സ്ഥാപിച്ചേക്കും. അമിതവേഗം, സിഗ്നൽ മറികടക്കൽ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ തുടങ്ങി കേരളത്തിലേതിന് സമാനമായി എല്ലാവിധ നിയമലംഘനങ്ങളും എഐ കാമറ സ്വയം കണ്ടെത്തി മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിലറിയിക്കും. വാഹന ഉടമകൾക്ക് ഉടൻ തന്നെ ഇത് എസ്എംഎസ് ആയോ ഇ മെയിൽ ആയോ അറിയിപ്പും ലഭിക്കുമെന്നു അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.



