ഒരു കാലത്ത് ക്ഷേത്രങ്ങളിലെ കുത്ത മ്പലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കലാരൂപങ്ങളായിരുന്നു കൂത്തും, കൂടിയാട്ടവും ഒക്കെ എന്നാൽ ഇവയെ ജനകീയമാക്കുന്നതിൽ നാട്യ കലാ സർവ്വഭൗമൻ പൈങ്കുളം രാമചാക്യാർ എടുത്ത ധീരമായ തീരുമാനം പിന്നീട് കാലം ശരിവയ്ക്കുകയായിരുന്നു . എന്നാൽ ഇതിന് ഊർജ്ജം പകർന്നതാകട്ടെ ജോസഫ് മുണ്ടശ്ശേരി മാഷും. രാമചാക്യാരും സി.അച്യുതമേനോനും, മുണ്ടശേരി മാഷും മറ്റു ചിലരും തൃശൂർ തേക്കിൻകാട് മൈതാനിയിലെ പതിവുചർച്ചക്കിടെ ചോദിച്ചു “എനിക്ക് അകത്തേക്കു വരാൻ പറ്റില്ലാ, പക്ഷേ താങ്കൾക്കിത് പുറത്തേക്കു കൊണ്ടുവന്നു കൂടെ, അങ്ങനെ ആയാൽ ഇത് എല്ലാവർക്കും ആസ്വദിക്കാമല്ലോ”, ഇതിൻ്റെ ഉത്തരം പറയുകയല്ലായിരുന്നു രാമ ചാക്യാർ ചെയ്തത്.
1949 സെപ്തംബർ 21 ന് കൊല്ലം ജില്ലയിലെ പുത്തൂർ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിലെ തെക്കിനിയിൽ ചാക്യാർ കൂത്തിന് കളിവിളക്ക് തെളിഞ്ഞു ഇത് കൂത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ ഒരു വിപ്ലവ ജ്വാലയായിരുന്നു. സംഭവം പുറത്തറിഞ്ഞ തോടെ ചാക്യാർക്ക് ഭ്രഷ്ട് കൽപ്പിക്കണം എന്നു വരെ പ്രമാണികൾക്കിടയിൽ വാദമുയർന്നു. എന്നാൽ ക്ഷേത്രകലയുടെ അവതരണത്തിൽ ആധുനികതയുടെ തിരശ്ശീല ഉയർത്തിയ ചാക്യാരുടെ തീരുമാനം പിന്നിട് എതിർത്തവർ പോലും ശരിയെന്നു തലകുലുക്കി സമ്മതിക്കുകയാണ് ഉണ്ടായത്. കുത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ പുതിയ ദീപം തെളിച്ച അന്നത്തെ അവതരണത്തിൻ്റെ 75-ാം വാർഷികം ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിലെ അതേ തെക്കിനിയിൽ നവോത്ഥാനികം – 2024 എന്ന പേരിൽ 2024 സെപ്തംബർ 21 ന് അരങ്ങേറിയത്.
ചരിത്രം ഒരിക്കൽ കൂടി മിഴാവിൽ താളം പിടിച്ചപ്പോൾ ആക്ഷേപഹാസ്യത്തിൻ്റെ ഒളിയമ്പുമായ് വേദിയിൽ നിറഞ്ഞ് നിന്നത് പൈങ്കുളം രാമചാര്യരുടെ ശിഷ്യനും, പിൻഗാമിയും, അടുത്ത ബന്ധുവുമായ പൈങ്കുളം നാരായണ ചാക്യാർ ആയിരുന്നു . കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, കലാമണ്ഡലം വിനീഷ് എന്നിവർ മിഴാവിൽ താളമിട്ടപ്പോൾ ഇല്ലക്കെട്ടിൻ്റെ അകവും പുറവും നിറഞ്ഞ് നിന്ന കാണികൾക്ക് “പാഞ്ചാലി സ്വയംവരം” എന്ന കഥ ഉപ്പും, മുളകും ചേർത്ത് നാരയണ ചാക്യാർ അവതരിപ്പിച്ചപ്പോൾ കണ്ണിനും കാതിനും ഒരു നവൃനുഭവമായി.
