ചെങ്ങമനാട്: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും ജില്ല മെഡിക്കൽ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വാർഡുകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡിലെ മസ്ജിദ് തൗഹീദ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂതനമായ എ ഐ സംവിധാനം ഉപയോഗിച്ച് രോഗനിർണയം നടത്തുന്നതിനുള്ള നവീകരിച്ച ഉപകരണങ്ങളോടുകൂടിയും എല്ലാവിധ മെഡിക്കൽ സന്നഹങ്ങളോടെയുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം കുറേക്കാലമായി ഇല്ലാതിരുന്ന പലവിധ രോഗങ്ങളും പൊതുജനങ്ങൾക്കിടയിൽ കണ്ടുവരുന്ന സാഹചര്യമുണ്ടെന്നും ആയതിന്റെ വ്യാപനം തടയുന്നതിന് ഇതുപോലെയുള്ള നവീന മെഡിക്കൽ ക്യാമ്പുകൾ വലിയതോതിൽ സഹായിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.