കൂട്ടിക്കൽ: മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള ‘ക്ലീൻ കൂട്ടിക്കൽ ഗ്രീൻ കൂട്ടിക്കൽ’ പദ്ധതിയ്ക്ക് ഒക്ടോബർ 2 ന് തുടക്കം കുറിയ്ക്കും. പൊതു പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, സ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടു കൂടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ‘മെഗാ ക്ലീനിംഗ് ഡേ’ ആയി ആചരിക്കുവാൻ കൂട്ടിക്കൽ പഞ്ചായത്തിൽ ചേർന്ന മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല നിർവ്വഹണസമിതി യോഗം തീരുമാനിച്ചു. 2025 മാർച്ച് 30 ന് മുമ്പായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന് വേണ്ട കർമ്മ പരിപാടികൾ യോഗം ആവിഷ്കരിച്ചു. റോഡുകൾ, നീർച്ചാലുകൾ്, മിനി എം.സി.എഫ് പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, സ്കൂൾ പരിസരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 2ന് നടത്തും.
കൂട്ടിക്കൽ പഞ്ചായത്ത് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയ പ്ലാപ്പള്ളി മാത്തുമല എം.സി.എഫിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് ഉച്ചകഴിഞ്ഞ് 2.30 ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ബിജോയ് ജോസ് നിർവ്വഹിക്കും.
പദ്ധതിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ചേർന്ന പഞ്ചായത്ത്തല നിർവ്വഹണസമിതി യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് രജനി സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ വിനോദ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ പി.എസ് സജിമോൻ, ജെസ്സി ജോസ്, എം.വി. ഹരിഹരൻ, ജേക്കബ് ചാക്കോ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, സൗമ്യ ഷമീർ, കെ.എസ് മോഹനൻ, അസി.സെക്രട്ടറി ഷൈജു ഡി, സി.ഡി.എസ് ചെയർപേഴ്സൺ ആശ ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ പ്രതിനിധികൾ, സ്കൂൾ അദ്ധ്യാപകർ, യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



