ക്രിസ്തുവിൻ്റെ ഉപവാസത്തേയും,പീഢാനുഭവങ്ങളേയും ഉയർപ്പിനേയും അനുസ്മരിക്കുന്ന വലിയ നോമ്പിന് തുടക്കം. ഈസ്റ്റർ വരെയുള്ള 50 ദിവസം ഇനി ക്രൈസ്തവ ജനതക്ക് നോമ്പിൻ്റെയും, കുമ്പിടീലിൻ്റെയും, പ്രാർത്ഥനയുടെയും ദിനങ്ങളാണ്. ബുധനാഴ്ച വിഭൂതി പെരുന്നാൾ. അൻപത് നോമ്പിൻ്റെ ആദ്യ 40 ദിവസം യേശു മരുഭൂമിയിൽ 40 ദിവസം ഉപവസിച്ചതിൻ്റെ ഓർമ്മയും തുടർന്ന് പീഢനാനുഭവത്തിൻ്റെ ഓർമ്മയുമാണ്. ഈസ്റ്റർ വരെ ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകളും, നമസ്കാരക്രമങ്ങളുമാണ് അനുഷ്ഠിക്കുന്നത്.
ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയായ പെസഹ, ക്രൂശുമരണ അനുസ്മരണകളുമായി ദുഖവെള്ളി, ക്രിസ്തുവിൻ്റെ ഉയർപ്പിൻ്റെ സന്തോഷസ്മരണ പുതുക്കുന്ന ഈസ്റ്റർ എന്നിവയോടെ ആണ് നോമ്പ് അവസാനിക്കുക. ഏപ്രിൽ 13 നാണ് ഇത്തവണ ഓശാനപ്പെരുന്നാൾ, ഏപ്രിൽ 18 ന് ദുഖവെള്ളിയും, 20 ന് ഈസ്റ്ററും.
ഇസ്ലാം വിശ്വാസികളുടെ റംസാൻ നോമ്പും, ഈസ്റ്റർ നോമ്പും അടുത്തടുത്ത ദിനങ്ങളിൽ ആണ് ഈ വർഷം ആരംഭിച്ചത് എന്നത് പ്രത്യേകതയായി.