തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആർടിസി ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് അധിക സർവീസുകൾ നടത്തും.കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുക.
ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. മുംബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളി( തിരുവനന്തപുരം നോർത്ത്)യിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ കൊച്ചുവേളിയിലെത്തുക. ഡിസംബർ 19,26 വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ഡിസംബർ 21,28 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും. ജനുവരി 2, 9 തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ജനുവരി 4, 11 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.