ദില്ലി: ക്‌നാനായ യാക്കോബായ സഭ അധികാര തർക്കത്തിൽ പാത്രിയാർക്കീസ് ബാവയ്ക്കെതിരെയുള്ള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ക്നാനായ യാക്കോബായ സഭാ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ക്‌നാനായ സമുദായത്തിന് ബാധമാകുന്ന ഭരണഘടന ഏതെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകി.
സമുദായ മെത്രാപ്പോലീത്തയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ദേശം ‘സസ്പെൻഷൻ സ്റ്റേ ചെയ്ത സിവില്‍ കോടതി ഉത്തരവ് നിലനില്‍ക്കും. എല്ലാ ആക്ഷേപങ്ങളും ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് മൂന്ന് ചോദ്യങ്ങൾ രൂപീകരിച്ച് കോടതി ഇത് പരിശോധിക്കാനും ഹൈക്കോടതിയോട് നിർദ്ദേശിച്ചു. കേസ് അടുത്തമാസം 7ന് ഹൈക്കോടതി വീണ്ടും പരിഗണിക്കണം. കീഴ്ക്കോടതികളിലുള്ള ഹർജികൾ തീർപ്പാക്കുന്നതിന് ഇടപെടലും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്നാനായ സഭയിലെ മെത്രാപ്പൊലീത്ത സെവേറീയോസിനെ സസ്പെൻഷ കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. സസ്പെൻഷനെതിരെ രണ്ട് സഭ വിശ്വാസികൾ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു നടപടി. തൽസ്ഥിതി തുടരാനായിരുന്നു നിർദ്ദേശം. ഈ നിയമനടപടികളാണ് പിന്നീട് സുപ്രീംകോടതി വരെ എത്തിയത്. കേസിൽ പാത്രിയാർക്കീസ് ബാവ ഉൾപ്പെടെയുള്ള ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ റോയി ഏബ്രഹാം, റീനാ റോയി, ആദിത്യ റോയി കോശി എന്നിവർ ഹാജരായി. കേസിലെ എതിർകക്ഷികൾക്കായി മുതിർന്ന അഭിഭാഷകൻ രവി പ്രകാശ് മെഹറോത്ര, അഭിഭാഷകൻ ജോഗി സ്കറിയ എന്നിവർ ഹാജരായി



