ചെങ്ങമനാട്: സമഗ്ര കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി പക്ഷിവളർത്തൽ സംഗമം മാഞ്ഞാലിയിൽ നടന്നു. ചെറുകടപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന മുട്ടക്കോഴി, താറാവ് സംഗമം പാറക്കടവ് ബ്ളോക്ക് പ്രസിഡന്റ് റ്റി. വി. പ്രതീഷ് തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. പക്ഷി മൃഗ പരിപാലന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളും പരിഹാര മാർഗങ്ങളും കർഷകരുമായി പങ്കുവെച്ച് വെറ്ററിനറി സർജൻ എം. എസ്. അഷ്കർ സംസാരിച്ചു.
പക്ഷിവളർത്തൽ കൂടുതൽ ശാസ്ത്രീയമാക്കൻ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം ആവശൃമാണെന്നും ഒരു ഫാമിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ആ പ്രദേശത്തെ വളർത്ത് പക്ഷികളെ മുഴുവൻ നശിപ്പിക്കുന്ന രീതി ശാസ്ത്രീയമാണോ എന്ന് പരിശോധന നടത്താൻ വകുപ്പ് തയ്യാറാകണെന്നും ചേർത്തല സർഗ്ഗ കാർഷിക കൂട്ടായ്മ സാരഥിയും മുട്ടക്കോഴി, താറാവ് പരിപാലകനും പരിശീലകനുമായ ജോയി കെ സോമൻ സംഗമത്തിൽ പറഞ്ഞു.
രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാണ് കർഷകർ പക്ഷിപരിപാലനം നടത്തുന്നത്. അവർക്ക് നഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ അതിന് ഉടനെ തന്നെ സാമ്പത്തിക സഹായം നൽകുകയും ഈ മേഖലയുടെ വികസനത്തിന് ആവശൃമായ സഹായവും പ്രോൽസാഹനവും വകുപ്പ് തലത്തിൽ ഉണ്ടാകേണ്ടത് ആവശൃമാണെന്നും ജോയി കെ സോമൻ ആവശൃപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നിന്നായി അമ്പതോളം കർഷകർ സംഗത്തിന്റെ ഭാഗമായി.