കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപം നാലാം ഗേറ്റ് പ്രവർത്തനം ഓട്ടോമാറ്റിക് ആക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പി ടി ഉഷ റോഡും കണ്ണൂർ റോഡും കൂടിചേരുന്ന നാലാം ഗേറ്റ്, ജില്ലയിലെ രണ്ടാമത്തെ വൈദ്യുതീകരിച്ച ലെവൽക്രോസായി മാറിയിരിക്കുകയാണ്. പുതിയ ഇലക്ട്രോണിക് ഗേറ്റ് സിസ്റ്റം വഴി ട്രാഫിക് നിയന്ത്രണം കൂടുതൽ എളുപ്പമാകുകയും അപകട സാധ്യത കുറയുകയും ഇതോടെ ചെയ്യും. ലെവൽ ക്രോസിൽ സൈറൻ മുഴങ്ങിയാൽ ഉടൻ വാഹനങ്ങൾ നിർത്തണം എന്നതാണ് ചട്ടം. തുടർന്ന് ലെവൽ ക്രോസ് ബാറുകൾ താഴുകയും തീവണ്ടി കടന്നുപോയ ശേഷം ഉയരുകയും ചെയ്യുന്നതാണ്.അതേസമയം നിയമം പാലിക്കാതിരുന്നാൽ യാത്രക്കാർ പിഴ അടക്കേണ്ടി വരും. 10,000 രൂപ മുതൽ പിഴ ഉൾപ്പെടുന്നതാണ് ശിക്ഷ. അതിനാൽ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. ഗേറ്റ് പ്രവർത്തനക്രമം മനസ്സിലാക്കി വേണം യാത്ര ചെയ്യാൻ.
ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കാനും കഴിയും. വൈദ്യുതി മുടങ്ങിയാൽ ബാക്കപ്പിനുള്ള സംവിധാനവും സജ്ജമാണ്.ജില്ലയിൽ ആദ്യം ഓട്ടോമാറ്റിക്ക് സംവിധാനം കൊണ്ടുവന്നത് എലത്തൂർ കൊയിലാണ്ടി തിരുവങ്ങാടി ലെവൽ ക്രോസ് ഗേറ്റ് ആണ്. ജില്ലയിലെ എല്ലാ ഗേറ്റുകളിലും ഇത്തരത്തിൽ ഓട്ടോമാറ്റിക്ക് സംവിധാനം സ്ഥാപിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.