കോട്ടയം: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസവും നടത്തി. ആശ്രയയും, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനവും ചേർന്ന് 147 വൃക്കരോഗികൾക്കാണ് കിറ്റ് നൽകിയത്. ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എം.പി അഡ്വ.കെ ഫ്രാൻസിസ് ജോർജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അജിത്കുമാർ , കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ റീബാ വർക്കി, ഡോ.മിനിമോൾ കുര്യൻ ,ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡയാലിസിസ് കിറ്റ് കൊടുക്കുന്നതിൽ 56 മാസം പൂർത്തീകരിച്ച ഈ വേളയിൽ കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നതായും, ഈ ജീവകാരുണ്യ
സഹായം തുടരാൻ സുമനസ്സുകളുടെ സഹായം വീണ്ടും ഉണ്ടാകണമെന്നും ആശ്രയയുടെ അധികൃതർ അഭ്യർത്ഥിച്ചു.