കൊല്ലം: കുന്നത്തൂരില്‍ സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റില്‍ വീണത്. രാവിലെ 9.30 നായിരുന്നു അപകടം. സ്‌കൂള്‍ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് ഫെബിനെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ തലയ്‌ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. ഫെബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതർ പറഞ്ഞു.
എന്നാല്‍ ഫെബിൻ എങ്ങനെയാണ് കിണറ്റില്‍ വീണതെന്നതില്‍ വ്യക്തതയില്ല. കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കിണർ മൂടിയിരുന്നതായും സ്‌കൂള്‍ അധികൃതർ അറിയിച്ചു. സംഭവത്തില്‍ അദ്ധ്യാപകരെ വിമർശിച്ച് നാട്ടുകാർ രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.