കൊല്ലം: റെയില്‍വേ സ്റ്റേഷനിലെ ചൈനീസ് പാലസ് പൈതൃക സ്മാരകമായി സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഏതെങ്കിലും ഏജന്‍സിയോ കൊല്ലം കോര്‍പറേഷനോ മ്യൂസിയം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ വ്യവസ്ഥകള്‍ ഇളവുചെയ്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ വിട്ടുനല്‍കാൻ റെയില്‍വേ സന്നദ്ധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ കാര്യാലയത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ലോക്സഭ മണ്ഡലത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് ചര്‍ച്ച നടത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം റെയില്‍വേ ഹെല്‍ത്ത് യൂനിറ്റിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കും. പെരിനാട് റയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമിന്റെ റീ-റൂഫിംഗ് നടത്തും. ഒന്നാം പ്ലാറ്റ്ഫോമിലെ 2 ബേ പ്ലാറ്റ്ഫോം ഷെല്‍റ്റര്‍ നിര്‍മിക്കും. പെരിനാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യും. പരവൂര്‍ സ്റ്റേഷനില്‍ എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. പ്ലാറ്റ്ഫോം റൂഫിങ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മയ്യനാട് സ്റ്റേഷനില്‍ മലബാര്‍ എക്സപ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ശിപാര്‍ശ റയില്‍വേ ബോര്‍ഡിന് നല്‍കും. ഇരവിപുരം റെയില്‍വേ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകള് ഉയര്‍ത്തുന്നതിനും നവീകരിക്കുന്നതിനും അനുമതി നല്കി. കിളികൊല്ലൂര്‍, കുണ്ടറ റെയില്‍വേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകള് വിപുലീകരിക്കും.
പുനലൂര്‍ റെയില്‍വേ സ്റ്റേഷന് അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങള്‍ വർധിപ്പിക്കും. സ്റ്റേഷന് വികസനത്തിനുള്ള വിവിധപ്രവൃത്തികള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. തെന്മല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകള് ഉയര്‍ത്തുന്നതിനുള്ള അനുമതി നല്കി. ആര്യങ്കാവ് സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയര്‍ത്തൽ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. കര്‍ബല ശങ്കേഴ്സ് ആശുപത്രി മേല്‍നടപ്പാത സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് പുനര്‍നിർമിച്ച് കാല്‍നടയാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും.



