വിളപ്പില്‍ : കതിരണിഞ്ഞ വിട്ടിയം പാടത്ത് കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ വിളവെടുപ്പ്. കര്‍ഷകരും നാട്ടുകാരും ജനപ്രതിനിധികളും പഴമയെ ഓര്‍ത്തുകൊണ്ട് പാട്ടിന്റെ താളത്തില്‍ ചേറിലേയ്ക്കിറങ്ങി. കപ്പയും വാഴയും വിളഞ്ഞ പാടത്ത് നിന്നും ഇത്തവണ നെല്‍ക്കതിരുകളുടെ നൂറുമേനി വിളവെടുപ്പ്. വിളപ്പില്‍ പഞ്ചായത്തിലെ വിട്ടിയം ദേവീക്ഷേത്രത്തിന് സമീപം അധ്യാപകനായ ഡോ.സജീവ് കുമാറിന്റേയും ഭാര്യ രേഷ്മയുടേയും ഉടമസ്ഥതയിലുള്ള 50-സെന്റ് പാടത്ത് വിളഞ്ഞ നെല്ല് കൊയ്യാനാണ് നാട്ടുകാര്‍ ഒരേമനസ്സോടെ ഒത്തുകൂടിയത്. പഞ്ചായത്തിന്റേയും കൃഷിവകുപ്പിന്റേയും സഹായത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചതെന്ന് പൂജപ്പുര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ സജീവ് കുമാര്‍ പറയുന്നു. വിളവെടുപ്പുത്സവം ഐ.ബി.സതീഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ ചെന്തില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ റ്റി.ഉഷ, സജിത ശശിധരന്‍, കവിത രാജേഷ്, കൃഷി ഓഫീസര്‍ ജയദാസ് എന്നിവര്‍ വിളവെടുപ്പുത്സവത്തിന് നേതൃത്വം നല്‍കി. അത്യുല്‍പാദന ശേഷിയുള്ള ജ്യോതി നെല്ലാണ് നൂറുമേനി വിളയിച്ചത്.