വയനാട്/തൃശൂര്‍: ആവേശത്തിരയിളക്കി വയനാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശിച്ചു. ഇതോടെ ഇരു മണ്ഡലത്തിലെയും പരസ്യ പ്രചാരണം അവസാനിച്ചു. അതിനിടെ വണ്ടൂരില്‍ പോലീസും യുഡിഎഫും തമ്മില്‍ സംഘർഷമുണ്ടായി. തിരുവമ്ബാടിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും നേരിയ സംഘർഷമുണ്ടായി. ചേലക്കരയില്‍ എല്‍ഡിഎഫ് കൊട്ടിക്കലാശസ്ഥലത്തും നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണവണ്ടി കൊണ്ടിട്ടതിനെ ചൊല്ലിയായിരുന്നു ബഹളം. തുടർന്ന് പോലീസ് പ്രവർത്തകരെ പടിച്ച് മാറ്റി.
തിരുവമ്ബാടിയിലായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫിന്‍റെ കൊട്ടിക്കലാശം. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും പ്രവർത്തകർക്ക് ആവേശം പകർന്ന് കൊട്ടിക്കലാശത്തിനെത്തി. സുല്‍ത്താൻ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്ഷോയിലും പങ്കെടുത്തു. ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയില്‍ പങ്കെടുത്തത്. നൂറുകണക്കിന് പ്രവർത്തകരാണ് വയനാട്ടില്‍ യുഡിഎഫിന്‍റെ ശക്തിപ്രകടിപ്പിക്കാൻ കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. കല്‍പ്പറ്റയിലാണ് എല്‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. നിരവധി വരുന്ന പ്രവർത്തകരും മന്ത്രി പി. പ്രസാദ് അടക്കം എല്‍ഡിഎഫിന്‍റെ നേതാക്കളും സത്യൻ മൊകേരിയോടൊപ്പം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. സുല്‍ത്താൻബത്തേരിയിലാണ് എൻഡിഎ സ്ഥാനാർഥി നവ്യാ സഹരിദാസ് കൊട്ടിക്കലാശത്തിനെത്തിയത്. പ്രവർത്തകർക്ക് ആവേശംപകർന്ന് ക്രെയിനിലേറി നവ്യ ബിജെപി പതാക വീശി കൊട്ടിക്കലാശത്തിനെത്തിയ പ്രവർത്തകരെ അഭിവാദ്യംചെയ്തു.
ചേലക്കരയില്‍ ഒരു മാസത്തോളം നീണ്ട, മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത അത്യന്തം വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടന്നത്. എല്‍ഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിനായി ചേലക്കരയെ ചെങ്കടലാക്കിക്കൊണ്ടാണ് പ്രവർത്തകർ കൊട്ടിക്കലാശത്തിനെത്തിയത്. കെ. രാധാകൃഷ്ണൻ എംപിയും മന്ത്രി കെ. രാജനും എല്‍ഡിഎഫിന്‍റെ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനുവേണ്ടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും കൊട്ടിക്കലാശത്തിനെത്തിയത് പ്രവർത്തകർക്ക് ഇരട്ടി ആവേശമായി. എൻഡിഎ സ്ഥാനാർഥിക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചേലക്കരയില്‍ നേരിട്ടിറങ്ങി. നിരവധി എൻഡിഎ പ്രവർത്തകരാണ് കൊട്ടിക്കലാശത്തിനെത്തിയത്.
ഇനി സ്ഥാനാർഥികളും മുന്നണികളും നിശബ്ദ പ്രചരണത്തിലേക്ക് കടക്കും. തുടർന്ന് ബുധനാഴ്ച വിധിയെഴുതാൻ വയനാടും ചേലക്കരയും ബൂത്തിലേക്ക്.