കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) യുജി, പിജി പ്രോഗ്രാമുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയായ കുസാറ്റ് കാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ്) 2025 ഫലം പ്രസിദ്ധീകരിച്ചു. results.cusat.ac.in, admissions.cusat.ac.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
കുസാറ്റിന് കീഴിലെ വിവിധ അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 10 മുതൽ 12 വരെയായിരുന്നു കംപ്യൂട്ടർ ബേസ്ഡ് (സിബിറ്റി) പ്രവേശന പരീക്ഷ നടന്നത്. ബിടെക്, മറൈൻ എൻജിനീയറിങ് അടക്കം വിവിധ പ്രോഗ്രാമുകളിലേക്കാണ് കാറ്റ് പരീക്ഷ നടത്തിയത്. കാറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നടക്കും. ജൂൺ അവസാനത്തോടെ കൗൺസിലിങ് ആരംഭിച്ചേക്കും. ഓൺലൈൻ രജിസ്ട്രേഷൻ, കോഴ്സ് തെരഞ്ഞെടുക്കൽ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, സീറ്റ് അലോട്ട്മെൻ്റ്, ഫീസ് പേയ്മെൻ്റ് എന്നിവയാണ് കൗൺസിലിങ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. പ്രവേശന പരീക്ഷയിലെ മാർക്കും ഒഴിവുള്ള സീറ്റും മറ്റും പരിഗണിച്ചാണ് അഡ്മിഷൻ നടത്തുക.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?
admissions.cusat.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
CAT 2025 Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിവരങ്ങൾ നൽകുക.
ലോഗിൻ ചെയ്തുകഴിഞ്ഞാൽ പരീക്ഷാ ഫലം സ്ക്രീനിൽ ലഭ്യമാകും.
പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.