കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടുകളുടെ എണ്ണം 19 ആയി ഉയർന്നു. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ചൊവ്വാഴ്ച ഒരു ബോട്ട് കൂടി കൈമാറിയതോടെയാണ് വാട്ടർ മെട്രോ ബോട്ടുകളുടെ എണ്ണം 19 ആയത്. 23 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളുടെ ഓർഡറാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ഷിപ്യാർഡിന് നൽകിയിരുന്നത്. ഇനി നാല് ബോട്ടുകൾ കൂടിയാണ് ഷിപ്യാർഡ് കൈമാറാനുള്ളത്.
അതേസമയം പുതിയതായി ലഭിച്ച ബോട്ട് ഏലൂർ റൂട്ടിൽ സർവീസ് നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇതോടെ ഏലൂർ റൂട്ടിൽ രണ്ട് സർവീസുകളാകും. പുതിയ സർവീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ ഹൈക്കോടതി ജങ്ഷനിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സർവീസ് ആരംഭിക്കുന്നത്. കൊച്ചി വാട്ടർ മെട്രോ ഏലൂർ ടെർനമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മാർച്ച് 14നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗത്ത് ചിറ്റൂർ ടെർമിനലിൽനിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ള റൂട്ടും സർവീസ് തുടങ്ങി. സൗത്ത് ചിറ്റൂർ ജെട്ടിയിൽ പുതിയ പൊൻറൂൺ സൗകര്യം വരുന്നത് വരെ ഡബിൾ ബാങ്കിങ് ഏർപ്പെടുത്തി ബോട്ടുകൾക്ക് സർവീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക. ഏലൂരിൽനിന്ന് നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികമാറ്റം പരിഗണനയിലാണെന്നും പി രാജീവ് പറഞ്ഞു.



