വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരാഹിത്യമെന്ന് കെ.സി.വൈ.എം. തിരുവല്ല മേഖല സമിതി. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന് പറയുന്നതിന്റെ വിരോധാഭാസം എത്ര നിയമങ്ങളുടെയും ഭേതഗതികളുടെയും തുലാസിൽ വച്ച് അളന്നാലും ഇവരുടെ കണ്ണീരിന്റെ വിലയ്ക്കൊപ്പം ആവില്ല.
ഈ വിഷയത്തിൽ സർക്കാരുകൾ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം തിരുവല്ല മേഖല സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.വൈ.എം തിരുവല്ല മേഖല പ്രസിഡന്റ് കുമാരി. ജീന രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി , കെ.സി.വൈ.എം. ലാറ്റിൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി, വിജയപുരം രൂപത ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സോണ മൈക്കിൾ, ട്രഷറർ അലൻ ജോസഫ്, മുണ്ടക്കയം മേഖല പ്രസിഡന്റ് പ്രിൻസ് എബ്രഹാം, തിരുവല്ല മേഖല സെക്രട്ടറി അനാമിക സുനിൽ, ഡയറക്ടർ റവ.ഫാ.പോൾ നെൽസൺ കാനപ്പള്ളി എന്നിവർ സംസാരിച്ചു.