ചെറുതോണി: കൊക്കോ പരിപ്പ് വിലയിടിവ് തുടരുന്നു. ഉണങ്ങിയ കൊക്കോ പരിപ്പിനു 3 മാസം മുൻപ് കിലോഗ്രാമിന് 1100 വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ ലഭിക്കു ന്നത് ശരാശരി 325 രൂപ വരെയാണ്. അതും വാങ്ങിക്കാൻ വ്യാപാരികൾ മടിക്കുന്ന സാഹചര്യം കർഷകരുടെ ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്. മഴ ക്കാലം ആരംഭിച്ചതോടെ പതിവു തെറ്റിക്കാതെയാണ് ഇക്കുറിയും കൊക്കോ വില ഇടിഞ്ഞത്.
പച്ച പരിപ്പ് ഉണങ്ങി നൽകാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ് മഴക്കാലത്തുള്ളത്. വ്യാപാരികളും വാങ്ങാൻ മടിക്കുന്നതോടെ കിട്ടുന്ന വിലയ്ക്കു പച്ചപ്പരിപ്പ് നൽകേണ്ട സാഹചര്യമാണ് കർഷകർക്കുള്ളത്.
ഇതോടൊപ്പം കാലവർഷം കനത്തതോടെ കൊക്കോ കായ്ക്കു രോഗബാധയും വർധിക്കുകയാണ്. ഇത് വരും മാസങ്ങളിലെ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കും. മഴക്കാലത്ത് മറ്റു കൃഷികളിൽനിന്നുള്ള വരുമാനം കുറയുന്ന സാഹചര്യത്തിൽ ദൈനംദിന ജീവിതം കരുപ്പിടിപ്പിക്കാൻ കൊക്കോ കൃഷിയെ ആശ്രയിക്കുന്ന കൃഷിക്കാരാണ് ഹൈറേഞ്ചിലുള്ളത്.



